top of page

കളക്ടർ ബ്രോ (പ്രശാന്ത് നായർ )

ഫേസ്ബുക്കിലൂടെയാണ് ഞാൻ കളക്ടർ ബ്രോ എന്ന ബുക്ക് പരിചയപ്പെട്ടത്. കളക്ടർ ബ്രോ യുടെ അതേ കാലഘട്ടത്തിൽ ജോലിയുടെ ഭാഗമായി ഞാനും കോഴിക്കോട് ഉണ്ടായിരുന്നു. അന്ന് കണ്ടും കേട്ടും അറിഞ്ഞു ആവേശം കൊണ്ടിരുന്ന കാര്യങ്ങൾ പുസ്തകരൂപത്തിൽ വായിക്കുവാൻ കഴിഞ്ഞത് ഒരു നൊസ്റ്റാൾജിക്ക് അനുഭവം ആയി മാറി. സ്ഥിരം കേട്ട് തള്ളലുകൾ അല്ല ഈ പുസ്തകം, മറിച്ച് താൻ ചെയ്യാൻ ശ്രമിച്ച വിജയിച്ചതും, പരാജയപ്പെട്ടതും ആയ പദ്ധതികളുടെ പിറകിലുള്ള ചേതോവികാരമാണ് ഈ പുസ്തകം. ഇവയുടെ അന്തസത്ത നമ്മുടെ ഭരണാധികാരികൾക്ക് യഥാവിധി പ്രയോജനപ്പെടുത്തുവാൻ കഴിഞ്ഞാൽ സമൂഹത്തിലെ എല്ലാ വശങ്ങളിലും ഉപരിപ്ലവമായ ഒരു മാറ്റം സൃഷ്ടിക്കുവാൻ കഴിയും എന്ന് ഈ പുസ്തകം നമ്മെ ഓർമ്മപ്പെടുത്തുന്നു.ഏതൊരു ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന മനുഷ്യനും ആ ജോലിയിലൂടെ നിറവേറ്റേണ്ട ചില സാമൂഹിക കർത്തവ്യങ്ങൾ ഉണ്ട്. എന്നാൽ ഇതിനുള്ള ടാർജറ്റ്കൾക്കപ്പുറം സുസ്ഥിരമായ മാറ്റങ്ങൾ കൊണ്ടുവരുന്നത് ഭാവനാപൂർണമായ തീരുമാനങ്ങളിലൂടെ വെല്ലുവിളികൾ ഏറ്റെടുത്തുകൊണ്ട് പ്രവർത്തനക്ഷമം ആകുമ്പോൾ ആണ് എന്ന് കളക്ടർ ബ്രോ ഈ പുസ്തകത്തിലൂടെ നമ്മെ പഠിപ്പിക്കുന്നു.


പള്ളിയിൽ നിന്നും ഭക്ഷണ പൊതികളുമായി വിശന്നിരിക്കുന്നവരെ തേടി പോകുമ്പോഴും, പാലിയേറ്റീവ് കെയറിന്റെ ഭാഗമായി രോഗികൾക്ക് മരുന്നുമായി ഭവനങ്ങളിൽ കയറുമ്പോഴും എനിക്കും കൂട്ടുകാർക്കും തോന്നിയ പല ചോദ്യങ്ങൾക്കും ഉത്തരം "കംപാഷനേറ്റ് കോഴിക്കോടിലും", "ഓപ്പറേഷൻ സുലൈമാനിയിലും" കാണുവാൻ കഴിഞ്ഞു. വിശന്നിരിക്കുന്നവർക്കും വേദനിക്കുന്ന വർക്കും നമുക്ക് കൊടുക്കുവാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം അവരുടെ വിശപ്പിന്റെയും വേദനയുടെയും സ്വകാര്യതയെ മാനിക്കുക എന്നതാണ്. അപ്പോഴാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് ഒരു കരുതൽ സ്പർശം ഉണ്ടാകുന്നത്.

ഈ പുസ്തകത്തിലെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വരികൾ താഴെ കുറിക്കുന്നവയാണ്

"സുഹൈലിക്കയും കൂട്ടരും നടത്തുന്ന ഓപ്പറേഷൻ സുലൈമാ നിയുടെ യഥാർത്ഥ വിജയമെന്താണെന്നറിയാമോ? വിശന്നലയുന്ന ലക്ഷക്കണക്കിന് ആളുകൾ കൂപ്പൺ വാങ്ങി വയറും മനസ്സും നിറയെ ഭക്ഷണം കഴിച്ചെങ്കിലും ഒരാളുടെ മുഖം പോലും ഇന്നേവരെ എവിടെയും വെളിപ്പെട്ടില്ല എന്നതാണ്. ഒരാളുടെ പോലും സ്വകാര്യതയോ ആത്മാഭിമാനമോ വ്രണപ്പെടാതെ, ആരെയും പ്രദർശനവസ്തുവാക്കാതെ ശാന്തമായി ഒഴുകുന്ന പദ്ധതി. അതാണ് അന്തസ്സോടെ മുഹബ്ബത്തോടെ വിളമ്പുന്ന സുലൈമാനി"
"എന്റെ അഭിപ്രായത്തിൽ നല്ല രീതിയിൽ വികസിച്ച നർമ്മബോധം ബുദ്ധിയുടെ ഉയർന്ന രൂപങ്ങളിലൊന്നാണ് തമാശ പറയുന്നവരുടെ അഭിപ്രായങ്ങൾ ഞാൻ സൂക്ഷ്മമായി ശ്രദ്ധിക്കാറുണ്ട്. അതിൽ കാമ്പുണ്ടെന്നാണ് എന്റെ അനുഭവം ഇത്തരക്കാർ തുറന്ന് സംസാരിക്കുകയും ചുറ്റിലും പോസിറ്റീവ് പരത്തുകയും ചെയ്യും. വേറൊരു ടൈപ്പ് മനുഷ്യരുണ്ട്. ദഹനക്കേടിന്റെ ലക്ഷണം കാണിക്കുന്ന മുഖഭാവവുമായി സദാ മസിലും പിടിച്ച് നടക്കുന്നവർ, സാധാരണക്കാരോട് ഇല്ലാത്ത ഗൗരവം നടിക്കുന്നവർ, കീഴ്ജീവനക്കാരോടും പാവങ്ങളോടും ധാർഷ്യം പ്രകടിപ്പിക്കുന്നവർ, ചിരിച്ചാൽ വേണ്ടത്ര ബഹുമാനം കിട്ടാതെ പോകുമെന്ന് വിശ്വസിക്കുന്നവർ ഇവരൊക്കെ അടിസ്ഥാനപരമായി ആത്മവിശ്വാസ ക്കുറവിന്റെ ഇരകളാണ്. എനിക്ക് ഏതായാലും ആദ്യത്തെ ആയാൽ മതി. മനസ്സ് ക്ലിയറാക്കി വെക്കുന്നതാണ് ഏറ്റവും വലിയ കാര്യം. നർമ്മബോധം ഹൃദയത്തിലും കാഴ്ചയിലും നിങ്ങളെ ചെറുപ്പമാക്കും."

സമൂഹത്തിൽ എന്തെങ്കിലും മാറ്റങ്ങൾ കൊണ്ടുവരണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന എല്ലാവരും മനസ്സിരുത്തി വായിക്കേണ്ട ഒരു അനുഭവക്കുറിപ്പ് ആണ് ഈ പുസ്തകം. ലളിതമായ ഭാഷയും, സിനിമാ ഡയലോഗുകളും ഉപയോഗിച്ച് സാമൂഹിക-രാഷ്ട്രീയ ജീവിതത്തിലെ വെല്ലുവിളികളെ കുറിച്ചും സാധ്യതകളെ കുറിച്ചും പുസ്തകം വ്യക്തമാക്കി തരുന്നു ."തള്ളൽ" ആണെന്ന മുഖക്കുറിപ്പോടെ ആവശ്യമുള്ളത് സ്വീകരിക്കാൻ ലേഖകൻ ഓർമിപ്പിക്കുമ്പോഴും ഇതൊരു റഫറൻസ് ഗ്രന്ഥമായി ഉപകാരപ്പെടും എന്ന് ഉറപ്പാണ് .വായനക്കാർക്കു പുതിയ ഒരു വായന അനുഭവം ആയിരിക്കും ഈ പുസ്തകം എന്ന് പറഞ്ഞുകൊണ്ട് ഉപസംഹരിക്കെട്ടെ. കോഴിക്കോടിന്റെ മധുരമുള്ള ഓർമ്മകൾ വീണ്ടും പുതുക്കി തന്ന പുസ്തകത്തിനും കളക്ടർ ബ്രോക്കും നന്ദി .

(214 പേജുള്ള ഈ പുസ്തകം ആമസോണിൽ Rs 225 നു ലഭ്യമാണ് .)


കോഴിക്കോട് ജില്ലയുടെ മുൻ കളക്ടർ ആയിരുന്നു എൻ പ്രശാന്ത് (N Prasanth I.A.S) സാധാരണ ഒരു ജില്ല കളക്ടർ എന്നതിൽ നിന്നും മാറി പലവിധത്തിലുള്ള ജനോപകാരപ്രദമായ നൂതന പരിപാടികളും നടപ്പിലാക്കി ഇദ്ദേഹം ശ്രദ്ധേയത നേടിയിട്ടുണ്ട്. റോഡുകളിലെ കുഴിയടയ്ക്കാൻ സ്പോൺസർമാരെ തേടുന്ന നമുക്ക് നിരത്താം നമ്മുടെ നിരത്ത് എന്ന പദ്ധതിയും വിശക്കുന്നവർക്കു ഭക്ഷണം നൽകാനുള്ള പദ്ധതിയായ ഓപ്പറേഷൻ സുലൈമാനിയും വിദ്യാർത്ഥികളുടേ യാത്രാസൗകര്യം വർദ്ധിപ്പിക്കാനുള്ള സവാരി ഗിരിഗിരിയും യാത്രക്കാർക്ക് അവരുടെ ഏറ്റവും അടുത്തുള്ള ഓട്ടോ റിക്ഷ കണ്ടുപിടിക്കുന്നതിനുള്ള ഒരു ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ആയ എയ് ഓട്ടൊയുപൊതുനിരത്തിൽ മൂത്രമൊഴിക്കുന്നവരുടെ ചിത്രം ഏടുത്ത് കളക്ടർക്ക് അയച്ചുകൊടുക്കുന്ന പരിപാടിയായ ത്രിമൂത്രി ഫോട്ടോ കണ്ടസ്റ്റും, കോഴിക്കോടിനെപ്പറ്റി അറിയേണ്ടതെല്ലാം ഉൾപ്പെടുത്തി കോഴിപീഡിയ എന്ന വിജ്ഞാനകോശപദ്ധതിയും എടുത്തു പറയേണ്ട കാര്യങ്ങളാണ്.സോഷ്യൽ മീഡിയയിലും സജീവസാന്നിധ്യമായ ഇദ്ദേഹത്തെ പൊതുജനങ്ങൾ സ്നേഹത്തോടെ കളക്ടർ ബ്രൊ എന്നു വിളിക്കുന്നു.(About the authour from Wikipedia)

148 views2 comments

Kommentare

Mit 0 von 5 Sternen bewertet.
Kommentare konnten nicht geladen werden
Es gab ein technisches Problem. Verbinde dich erneut oder aktualisiere die Seite.
bottom of page