പ്രസംഗകലയോടുള്ള അഭിനിവേശം ഇപ്പോഴും മനസ്സിൽ സൂക്ഷിക്കുന്ന ഒരു വ്യക്തിയെന്ന നിലയിൽ ഇടയ്ക്കു ഗൂഗിളിൽ വെറുതെ മലയാളത്തിലെ മികച്ച പ്രസംഗങ്ങളുടെ കളക്ഷൻ എന്ന് തപ്പിനോക്കിയപ്പോൾ ആദ്യം കണ്ടത് എം .ടി യുടെ വാക്കുകളുടെ വിസ്മയം ആണ് .
കഴിഞ്ഞ പത്തുപതിനൊന്നു കൊല്ലക്കാലത്തിനിടയിൽ ,പലയിടത്തായി എം .ടി . ചെയ്ത പ്രസംഗങ്ങൾ ശേഖരിച്ചു എഡിറ്റ് ചെയ്തു ഒരു പുസ്തകം ആയി ഒരുക്കിയിരിക്കുന്നത് എം .എൻ .കാരശ്ശേരി ആണ് .അദ്ദേഹം വാക്കുകൾ കൊണ്ട് വരച്ചു കാട്ടിയ വിസ്മയം എഴുത്തിൽ മാത്രമല്ല പ്രസംഗങ്ങളിലും ഉണ്ടായിരുന്നു എന്നതിന്റെ ചരിത്രശേഷിപ്പായിട്ടാണ് എനിക്ക് ഈ പുസ്തകം അനുഭവപ്പെട്ടത് .ആ വർണചാരുത തെല്ലും നഷ്ടപ്പെടുത്താതെ കാരശ്ശേരി മാഷ് പകർത്തിയെടുത്തത് സാഹിത്യലോകത്തിന്റെ അടുത്ത തലമുറയ്ക്ക് ഒരു മുതൽക്കൂട്ടാണ് .
പ്രസ്തുത പ്രസംഗങ്ങൾ അഞ്ചു വിഭാഗങ്ങളായാണ് പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് .അദ്ദേഹത്തിന്റെ ജീവിതത്തിലെ വിവിധ ഏടുകൾ വിവരിക്കുന്ന "ഓർമ്മ " . സാഹിത്യത്തെ വിവിധ കോണുകളിലൂടെ അപഗ്രധിക്കുന്ന അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ അടങ്ങിയ "സാഹിത്യം".വിവിധ എഴുത്തുകാരെ പ്രതിപാദിക്കുന്ന പ്രസംഗങ്ങൾ അടങ്ങിയ "എഴുത്തുകാർ ".മാധ്യമ ധർമ്മത്തെക്കുറിച്ചും അവയുടെ സാമൂഹിക സ്വാധീനത്തെ കുറിച്ചും വാചാലമായ പ്രസംഗങ്ങൾ കൂട്ടിവച്ച "മാധ്യമം". സമൂഹത്തിലെ വിവിധ അവസ്ഥാന്തരങ്ങളെ കുറിച്ചും പ്രകൃതിയെ കുറിച്ചും അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ വ്യക്തമാക്കുന്ന പ്രസംഗങ്ങൾ അടങ്ങിയ "സമൂഹം"എന്ന ഭാഗം .ഇങ്ങനെ വിവിധ മേഖലകളെ കുറിച്ചുള്ള എം .ടി യുടെ ആശയങ്ങളെ അടുത്തറിയുവാൻ സഹായിക്കുന്ന ഒരു പുസ്തകം ആണ് ഇത് .
പ്രസംഗം എന്ന കലയെ കൂടുതൽ അറിയുമ്പോൾ മനസിലാക്കുവാൻ കഴിയുന്ന ഒരു കാര്യമാണ് വിഷയത്തിലുള്ള ആഴത്തിലുള്ള ഗ്രാഹ്യത്തെക്കാളും പലപ്പോഴും അതിനെ അവതരിപ്പിക്കുന്ന രീതിയാണ് പ്രസംഗത്തെ
കൂടുതൽ സ്വീകാര്യമാക്കുന്നതു എന്നു .എന്നാൽ ആഴത്തിലുള്ള അറിവ് പ്രസംഗത്തെ എത്രത്തോളം വിജ്ഞാനപ്രദവും ഘനമേറിയതും ആക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് ഈ പ്രസംഗങ്ങൾ .
1995 യിൽ അദ്ദേഹം നടത്തിയ ഒരു പ്രസംഗത്തിൽ പറഞ്ഞിരിക്കുന്നത് "ജീവിതത്തിന്റെ അന്വേഷണമാണ് കല " എന്നാണ് . പ്രസംഗം ഒരു കലായാണെങ്കിൽ ,ജീവിതത്തിലെ വിവിധ മുഹൂർത്തങ്ങളിൽ അദ്ദേഹം നടത്തിയ അന്വേഷണങ്ങൾ ആയിട്ടാണ് ഞാൻ ഈ പ്രസംഗങ്ങളെ കാണുന്നത് .എം .ടി . എന്ന വലിയ സാഹിത്യകാരന്റെ കാലഘട്ടത്തിൽ ജീവിച്ചിരുന്നു എന്ന ഗർവ്വോടെ ഞാൻ പുസ്തകം വായിച്ചവസാനിച്ചപ്പോൾ ,സാഹിത്യാഭിരുചിയുള്ള എല്ലാവരും വായിക്കേണ്ട പുസ്തകങ്ങളുടെ കൂട്ടത്തിലാണ് ഈ പുസ്തകവും എന്ന് എനിക്ക് തോന്നി .
(175 രൂപ വിലയുള്ള ഈ പുസ്തകത്തിൽ 175 പുറങ്ങളാണ് ഉള്ളത് ,മാതൃഭൂമി ബുക്ക്സ് ആണ് പ്രസാധകർ )
My Rating 4.5 out of 5
Comments